Wednesday 6 July 2016

മഴ പെയ്യുന്നതും നോക്കി അമ്മയുടെ അടുത്തിരിക്കുമ്പോള്‍ മനസ്സു കുട്ടിക്കാലത്തേക്ക് പോയി. അമ്മയുടെ*(വൈക്കം) വീട്ടിലായിരുന്നു ഏഴു വയസ്സുവരെ. പഴയവീടായിരുന്നു. ഓല മേഞ്ഞത്. ഞാനും അമ്മമ്മയും, ചിറ്റമാരും ഉമ്മറത്തിരുന്നു മഴ കാണാറുണ്ടായിരുന്നു. അലറി വരുന്ന മഴയ്ക്ക് നല്ല ഉഷാറാണ്. ചരിഞ്ഞാണ് ആകാശത്തുനിന്നും മഴ വീഴുന്നത്. മണ്ണിനു പുന്നെല്ലിന്റെ മണമാണെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. ആകാശം നോക്കിയാല്‍ കാണില്ല. ആകാശതു നിന്നു എവിടുന്നാണ് ഇത്ര വെള്ളം അവിടെ കായലുണ്ടോ? നന്നായി മഴ പെയ്താല്‍ തോട്ടിലെ വെള്ളം കലങ്ങും, ആകാശം എന്താ കലങ്ങാതെ? ഇതൊക്കെ ആയിരുന്നു അന്നത്തെസംശയങ്ങള്‍. ഓലത്തുംബിലൂടെ വെള്ളം മുറ്റത്തേക്ക് വീണുകൊണ്ടേയിരിക്കുന്നു. മുറ്റത്ത്‌ ആദ്യ മഴത്തുള്ളികള്‍ വീഴുമ്പോള്‍ പുതുമണ്ണിന്റെ മണം. വെള്ളം പതുക്കെപ്പതുക്കെ പൊങ്ങി വരുന്നു. ഒന്ന് മഴ പെയ്താല്‍ നിറഞ്ഞുകവിഞ്ഞോഴുകുന്ന ഒരു കുളം മുറ്റത്തുണ്ട്. കുളത്തില്നിുന്നും വെള്ളം മുറ്റത്തേക്ക്. മുറ്റത്തുനിന്നും നടവഴിയിലൂടെ ഇറങ്ങി തോട്ടിലേക്ക് മറയുന്നത് കാണാന്‍ എന്ത് ഭംന്ഗിയായിരുന്നു. വെള്ളം കുളത്തില്‍ നിന്നും ഒഴുകുമ്പോള്‍ കൂട്ടത്തില്‍ വരാല്‍ മത്സ്യങ്ങള്‍ നീന്തി വരും. തെങ്ങില്നി്ന്നും വെള്ളം ശക്തിയില്‍ ഒഴുകുന്ന സമയമാണെങ്കില്‍ ആ വരിവെള്ളത്തിലൂടെ വാരല്‍ തെങ്ങില്‍ കയറും. അതുപോലെ താഴോട്ടും ഇറങ്ങും. അതൊന്നു കാണണ്ട കാഴ്ച തന്നെയാണ്, വരിവരിയായുള്ള ആ തെങ്ങ് കയറ്റം. നന്നായി മഴ പെയ്താല്‍ വള്ളവും കൊണ്ടിറങ്ങും. ചെറിയ ചെറിയ തോടുകളാണ് നിറയെ. ചിറ്റമാരുടെ കൂടെയാണ് കേട്ടോ. എവിടെനോക്കിയാലും വെള്ളമായിരുന്നു. കരിയാറിന്റെ തീരത്താണ് സ്കൂള്‍. മഴ പെയ്താല്‍ സ്കൂളില്‍ വെള്ളം കയറും. പിന്നെ കുറെ ദിവസത്തേക്ക് സ്കൂള്‍ ഇല്ല. കൈതകള്‍ അതിരിടുന്ന്ന നടവഴിയും, കിളിച്ചുണ്ടന്‍ മാവിന്ച്ചുവട്ടിലെ കുളവും എല്ലാമെല്ലാം ഓര്‍മ്മയില്‍ നിറയുന്നു. ഒപ്പം നഷ്ട്ടബോധവും.................മാര്‍ച്ച്‌ 11, 2014

No comments: